മലപ്പുറം: മലപ്പുറം എസ്പി എസ്. ശശിധരനെതിരേ കുത്തിയിരിപ്പ് സമരവുമായി പി.വി. അൻവർ എംഎൽഎ രംഗ പ്രവേശനം ചെയ്തു. എസ്പി. ഓഫീസിലെ മരങ്ങൾ മുറിച്ചുമാറ്റിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അൻവർ എസ്പിയുടെ ക്യാമ്പ് ഓഫീസിന് മുൻപിൽ കുട ചൂടിയിരുന്ന് ആഘോഷമായി ഒരു സമരവും നടത്തി. സർക്കാരും പാർട്ടിയും ഒക്കെ വെട്ടിലാകുമ്പോൾ ഇത്തരം കോമഡി സമരങ്ങളുമായും വിവാദ കഥകളും വളിപ്പ് ഡയലോഗുമൊക്കെയായി പതിവായി രംഗത്ത് രക്ഷകനായി എത്തുന്ന അൻവർ ഇത്തവണ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കുടുങ്ങാൻ സാധ്യതയുള്ള തിമിംഗലങ്ങളിൽ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള അടവ് നയവുമായാണ് ചുവപ്പൻ കുട ചൂടൽ സമരത്തിന് എത്തിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഏത് തിമിംഗലത്തെ ദൃഷ്ടിയിൽ നിന്ന് മറയ്ക്കാനാണ് എന്ന് വരും ദിവസങ്ങളിൽ അറിയാം. ഇവിടെ ഇന്നലെ (
വ്യാഴാഴ്ച) വൈകിട്ട് എസ്പിയുടെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുൻപിൽ അൻവർ എത്തിയിരുന്നു. ക്യാമ്പ് ഓഫീസിലെ കോമ്പൗണ്ടിൽനിന്ന് മുറിച്ചു കടത്തിയ മരങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും അവ കാണണം എന്നുമായിരുന്നു അൻവറിന്റെ ആവശ്യം. കാണാൻ അനുമതി ലഭിച്ചില്ല.ഇതേ തുടർന്ന് മടങ്ങി അൻവർ വെള്ളിയാഴ്ച രാവിലെ കുത്തിയിരിപ്പ് സമരവുമായി എത്തുകയായിരുന്നു. മരങ്ങൾ വെട്ടിമാറ്റിയത് അന്വേഷിക്കണം, എസ്പിക്കെതിരേ അന്വേഷണം വേണം തുടങ്ങിയ ചെറിയ ചെറിയ ആവശ്യങ്ങളാണ് അൻവർ മുന്നോട്ടുവെച്ചിട്ടുള്ളത്.
2021-ൽ ക്യാമ്പ് ഓഫീസിൽനിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയെന്ന് കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് പരാതി നൽകിയിരുന്നു. നേരത്തേ ഇവിടെ എസ്ഐ ആയിരുന്നു ശ്രീജിത്ത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസിനെത്തുടർന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഈ മരംമുറിക്കേസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്നാണ് എംഎൽഎയുടെ ആരോപണം.
മുറിച്ച മരങ്ങളുടെ അവശിഷ്ടം കാണണം എന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച്‌ച വൈകിട്ട് ക്യാമ്പ് ഓഫീസിലെത്തിയത്. എന്നാൽ പാറാവിലുണ്ടായിരുന്ന പോലീസുകാർ ഇദ്ദേഹത്തെ തടഞ്ഞു. അനുമതിയില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. പോലീസ് മേധാവി ശശിധരൻ ആ സമയം വീട്ടിലുണ്ടായിരുന്നില്ല. കുറേസമയം പോലീസുമായി തർക്കിച്ച അൻവർ പോലീസ് മേധാവിയെ വിളിച്ച് അനുമതിചോദിക്കാൻ ആവശ്യപ്പെട്ടു. അതുപ്രകാരം പോലീസുകാരൻ വിളിച്ചെങ്കിലും ഇപ്പോൾ അനുമതി നൽകേണ്ടെന്നായിരുന്നു മറുപടി.
പിണറായിസർക്കാറിനെയും സിപിഎമ്മിനെയും എല്ലാ വിഷയത്തിലും ന്യായികരിക്കുന്ന ഭരണപക്ഷ എംഎൽഎ ആയ അൻവർ തന്നെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ സമരവുമായി കുത്തിരിക്കേണ്ടി വരുന്ന അവസ്ഥ കണ്ടാൽ അറിയാം ഭരണം പരാജയമാണെന്ന്. അതും രണ്ട് മരങ്ങൾ മുറിച്ചു മാറ്റിയെന്നും പറഞ്ഞ്. ഭരണപക്ഷ എംഎൽഎ ആയ അൻവറിന് പോലും വിശ്വാസമില്ലാത്ത പോലീസിനെയും ആഭ്യന്തര വകുപ്പ് മന്ത്രിയെയും എങ്ങനെയാണ് പൊതു ജനം വിശ്വസിക്കുക?
പ്രബുദ്ധ മലയാളികളെ രാഷ്ട്രീയമായി പറ്റിക്കാൻ എന്തെല്ലാം വഴികളാണ് ഇവർ തേടുന്നത്!
PV Anwar came up with political fraud to divert attention.